Friday, November 11, 2016

നാമജപത്തിന് ഭക്തി നിർഭരമായ തുടക്കം

ചെന്നിത്തല കാരാഴ്മ മലയിരിക്കും കാവ് ശ്രീ ഭദ്രാ-സരസ്വതി ക്ഷേത്ര ത്തിൽ നാമജപത്തിന് ഐശ്വര്യ പൂർണമായ തുടക്കം. ഇന്ന് രാവിലെ തുടങ്ങിയ നാമജപത്തിൽ ഒട്ടനവധി ഭക്ത ജനങ്ങൾ പങ്കാളികളായ. ദേവപ്രശ്ന പരിഹാരാർഥം എല്ലാ മാസത്തിലെയും ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച്ചകളിൽ രാവിലെ 9 ന് ക്ഷേത്രത്തിൽ കുടുംബാംഗങ്ങളായ സ്ത്രീജനങ്ങളുടെ നേതൃത്വത്തിൽ നാമജപം നടത്തുന്നതിന് തീരുമാനിച്ചിരുന്നു.

അധ്യാത്മിക ഉന്നമനത്തിന്‍റെ പരകോടിയിലേക്ക് നയിക്കാന്‍ നാമജപത്തിന് കഴിയുന്നു,കലിയുഗത്തില്‍ ഈശ്വരോപാസനയ്ക്ക് ഏറ്റവും ഫലപ്രദമാണ് നാമജപം. ഭോഗവും ഒടുവില്‍ മോക്ഷവും സിദ്ധിക്കുന്നു. സഗുണോപാസനയ്ക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളില്‍ പലതും കലിയുഗ മനുഷ്യന് അനുഷ്ഠിക്കാന്‍ പ്രയാസം നേരിടുന്നു. സത്യയുഗത്തില്‍ "ധ്യാനം" ഏറ്റവും പ്രധാന ഉപാസനാമാര്‍ഗ്ഗമായിരുന്നു. ആ യുഗത്തില്‍ മനുഷ്യമനസ്സ് നിര്‍മ്മലമായിരുന്നതിനാല്‍ ധ്യാനം സുഗമവും ഫലപ്രദവുമായിരുന്നു. തുടര്‍ന്ന് ത്രേതായുഗത്തില്‍ "യാഗവും", ദ്വാപരയുഗത്തില്‍ "പൂജയും" പ്രധാന ഉപാസനാമാര്‍ഗ്ഗങ്ങളായിരുന്നു. കലിയുഗത്തില്‍ മനുഷ്യമനസ്സ് കൂടുതല്‍ മലിനവും ഏകാഗ്രത നഷ്ടപ്പെട്ടതുമായിരുന്നു. അതുകൊണ്ടാണ് ഈ യുഗത്തില്‍ നാമസങ്കീര്‍ത്തനം ഏറ്റവും ഉത്തമമായ ഉപാസനാമാര്‍ഗ്ഗമായി  നിര്‍ദ്ദേശിയ്ക്കപ്പെടുന്നത്. കലിയുഗത്തിന്‍റെ ദുരിതങ്ങള്‍ തരണം ചെയ്യുവാനുള്ള മാര്‍ഗ്ഗമെന്താണെന്നാരാഞ്ഞ നാരദനോട് ഭഗവാന്‍ നാരായണന്‍റെ നാമം ജപിയ്ക്കുകയാണ് വേണ്ടതെന്ന് ബ്രഹ്മാവ്‌ ഉപദേശിച്ചു.

"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ"

ഇതാണ് ആ മന്ത്രം. ഈ പതിനാറ് നാമങ്ങള്‍ നിത്യവും ഭക്തിപൂര്‍വ്വം ജപിച്ചാല്‍ മാലിന്യങ്ങളകന്ന്‌ മനസ്സ് സൂര്യനെപ്പോലെ തെളിവുറ്റതാകും. ഇത് ജപിക്കുന്നതിന് ക്ലിഷ്ടമായ നിയമങ്ങളൊന്നും പാലിക്കേണ്ടതില്ല. ഈ നാമം നിരന്തരം ജപിക്കുന്ന ബ്രഹ്മഭക്തന്മാര്‍ ബ്രഹ്മലോകത്തിലും ശിവഭക്തന്മാര്‍ ശിവലോകത്തിലും വിഷ്ണുഭക്തന്മാര്‍ വിഷ്ണുലോകത്തിലും എത്തിച്ചേരുന്നു. ഇതിനെ "സാലോക്യമോക്ഷം" എന്ന് പറയുന്നു.
ഭഗവാന്‍റെ സമീപത്തുതന്നെ എത്തിചേരുന്നതാണ് "സാമീപ്യമോക്ഷം". ഭഗവാനില്‍ ലയിച്ച് ഭഗവാന്‍ തന്നെയായിത്തീരുന്നത് "സായൂജ്യമോക്ഷം". ഇങ്ങനെ സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നീ ചതുര്‍മുക്തികളും ഈ നമജപം കൊണ്ട് സിദ്ധിക്കുന്നു. മുന്‍ജന്മ പാപങ്ങളാണ് ഈ ജന്മത്തില്‍ ഗ്രഹപ്പിഴകളുടെ രൂപത്തില്‍ നമ്മെ ബാധിക്കുന്നത്. സര്‍വ്വപാപഹരമായ ഈ നാമം നിത്യവും ജപിച്ചാല്‍ ഗ്രഹപ്പിഴകളും ഒഴിവാകും.
ശ്രവണം, കീര്‍ത്തനം, വിഷ്ണുസ്മരണം, പാദസേവനം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെ നവവിധങ്ങളായ ഭക്തിമാര്‍ഗ്ഗങ്ങളുള്ളതിനാല്‍ കീര്‍ത്തനമാണ് ഏറ്റവും സുഗമമായ മാര്‍ഗ്ഗമെന്ന് നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെ ചൂണ്ടിക്കാട്ടുന്നു. സാധാരണ മനുഷ്യന് അനുഷ്ഠിക്കാവുന്ന ഏറ്റവും സുഗമമായ ഭക്തിമാര്‍ഗ്ഗമാണ്‌ നാമജപം.

നമ്മൾ നാമം ജപിക്കുമ്പോൾ നമ്മുടെ കുണ്ഡലിനി വർദ്ധിക്കുന്നു. അത് ശരീരത്തിൽ നിന്നും പുറത്തു പോകാതിരിക്കാനാണ് ആ വണ പലകയിലിരുന്ന് നാമം ജപിക്കണം എന്ന് പറയുന്നത്

- വെബ് ഡസ്ക് -.
ഫോട്ടോ - അനീഷ് വി കുറുപ്പ്