വിദ്യാദേവതയായ സരസ്വതീദേവിയുടെ പ്രതിഷ്ഠയുള്ള ചെന്നിത്തലയിലെ ഏക ക്ഷേത്രമാണു കാരാഴ്മ മഴപ്പഴഞ്ഞിയിൽ ശ്രീഭദ്രാ – സരസ്വതി ക്ഷേത്രം (മലയിരിക്കുംകാവ്). കാരാഴ്മ ദേവീക്ഷേത്രത്തിന്റെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ ശ്രീഭദ്രയും സരസ്വതി ദേവിയുമാണ്. രക്ഷസ്, നാഗരാജാവ്, നാഗയക്ഷി, മലമൂർത്തി, യോഗീശ്വരൻ എന്നീ ഉപദേവതകളുമുണ്ട്. കുംഭമാസത്തിലെ അശ്വതി നാളിൽ പ്രതിഷ്ഠാവാർഷികവും ഇടവമാസത്തിലെ ചോതിനാളിൽ പുനഃപ്രതിഷ്ഠാ വാർഷികവും കൊണ്ടാടുന്ന ക്ഷേത്രത്തിൽ മാസപൂജാ സമ്പ്രദായമാണു നിലവിലുള്ളത്.
ചിങ്ങത്തിലെ ഉത്രാടനാളിൽ രാത്രി ഗുരുതിയും ഉണ്ട്. അടിമുറ്റത്തുമഠം ബ്രഹ്മശ്രീ എ.ബി. ശ്രീകുമാര്‍ ഭട്ടതിരിയാണു ക്ഷേത്ര തന്ത്രി. വേണു നമ്പൂതിരി മേൽശാന്തിയും.
നവരാത്രി ഉത്സവം ∙
ദുർഗാഷ്ടമി മുതൽ വിജയദശമി വരെയുള്ള ദിവസങ്ങളിലാണു നവരാത്രി ഉത്സവം നടക്കുക. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നു നൂറുകണക്കിനു പേർ വാണീദേവിയുടെ അനുഗ്രഹം തേടി ഇവിടെയെത്തുന്നു. തട്ടാരമ്പലം ക്ഷേത്രം കഴിഞ്ഞാൽ മേഖലയിൽ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിൽ മറ്റു സരസ്വതിദേവീ ക്ഷേത്രങ്ങൾ ഇല്ലെന്നതിനാൽ ഈ സമയത്ത് അഭൂതപൂർവമായ തിരക്കാണു ക്ഷേത്രത്തിൽ അനുഭവപ്പെടുക. സരസ്വതി ദേവിയുടെ തിരുനടയിൽ കുട്ടികളെ എഴുത്തിനിരുത്താനും ഭക്തരെത്തുന്നു.
ഇക്കൊല്ലത്തെ നവരാത്രി ഉത്സവം ഒക്ടോബ്ര 09,10,11 തീയതികളിൽ നടക്കും. ഒൻപതിനു വൈകിട്ട് പൂജവയ്പ്, 11 ന് രാവിലെ 6.30 മുതൽ പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ നടക്കും. ദിവസവും വിശേഷാൽ പൂജകൾ, വഴിപാടുകള്‍, സാരസ്വതാർച്ചന എന്നിവയുണ്ട്. Ph:9447547599.
> പ്രധാന വഴിപാടുകൾ: ശ്രീഭദ്രയ്ക്ക് കടുംപായസം, ശ്രീസരസ്വതീദേവിയ്ക്ക് സാരസ്വത പുഷ്പാഞ്ജലി, തൃമധുരം.
∙ക്ഷേത്രത്തിലേക്ക് എത്താനുള്ള വഴി:
കായംകുളം– തിരുവല്ല സംസ്ഥാന പാതയിൽ ചെന്നിത്തല കാരാഴ്മ ജംക്‌ഷനിൽ, കാരാഴ്മ ദേവീക്ഷേത്രത്തിന്റെ കിഴക്കേനടയിലേക്കുള്ള വഴിയരികിലാണു ക്ഷേത്രം.


No comments:
Post a Comment